Friday, June 12, 2009

വീണ്ടും

പകലുമുഴുവൻ
‍തിരക്കഭിനയിച്ചുകൊണ്ടിരിക്കും

ഒന്നു നില്‍ക്കാനൊ
ഒരുവാക്ക്‌ മിണ്ടാനോ
നേരമില്ലെന്നിരമ്പിക്കൊണ്ടിരിക്കും

ഓടിയോ നടന്നോ
വണ്ടികയറിയോ
ചെന്നെത്താനൊരിടമുണ്ടെന്ന്
നിരന്തരം വിശ്വസിപ്പിച്ചുകൊണ്ടിരിക്കും

ഇരുൾമാളങ്ങള്‍വിട്ട്‌
രാവിരതേടാനിറങ്ങുമ്മുതൽ
‍ഇടവഴികളിലിറങ്ങിനിന്ന്
കിതപ്പാറ്റുവാൻ ‍ തുടങ്ങും

മുഴുത്തുവരുന്നൊരു
നിഴല്‍ക്കൊമ്പില്‍ കയറി
തൂങ്ങിനോക്കിയാലോ എന്ന്
മനസ്സൊന്നാടിനോക്കും

വഴിവിളക്കില്ലാത്ത വളവുകളിൽ
‍വണ്ടിക്ക്‌ തലവച്ചവരോട്‌
എന്നെയും കൂട്ടുമോ എന്ന് കെഞ്ചിയതൊന്നും
പാതിരാ കേട്ടുകാണില്ലെന്ന്
പലതവണ വിചാരിച്ചുറപ്പിക്കും

പുലരുമ്മുമ്പീ
അനന്തകോടി വളവുകളും അഴിച്ച്‌
എങ്ങോട്ടെങ്കിലും ഒളിച്ചുപോകുമെന്ന്
വാശിയൊന്ന് പിറുപിറുക്കും

വെളുത്താലോ
അതുവരെയുള്ളതെല്ലാം
കഴുകി വെടുപ്പാക്കി
അന്നത്തെ കൂത്തിന്‌ ചുട്ടികുത്താനായ്
നീണ്ട്‌ മലര്‍ന്നങ്ങ് കിടന്നുകൊടുക്കും

കേൾക്കാത്ത നിലവിളികൾ
കുന്നുകൂടിയ കിഴക്കുനിന്നും
വെട്ടമുരുണ്ടുതുടങ്ങിയാൽപ്പിന്നെ
പകലുമുഴുവൻ വീണ്ടും....
........................

7 comments:

നജൂസ്‌ said...

തിരക്കഭിനയിച്ചുകൊണ്ടേയിരിക്കുന്നു.
ഇഷ്ടായി വിശാഖ്‌.

പാമരന്‍ said...

ഇഷ്ടായി മാഷെ.

ഒരു കാഥിക said...

നന്നായിരിക്കുന്നു .. തുടര്‍ന്നും എഴുതുക.. വരികള്‍ക്കിടയിലെ രോദനം വല്ലാത്ത ഒരു ആവിലത സൃഷ്ടിക്കുന്നു

Mahi said...

വിശാഖ്‌ വീണ്ടും തിരിച്ചു വന്നതില്‍ ഒരുപാട്‌ സന്തോഷം കവിത വളരെ നന്നായിട്ടുണ്ട്‌

naakila said...

വളരെ നാളുകള്‍ക്കു ശേഷം വിശാഖിന്റെ നല്ലൊരു കവിത കൂടി
അഭിനന്ദനങ്ങള്‍

സെറീന said...

എത്ര പേര്‍ക്ക് ഒരൊറ്റയാത്മകഥ!

Rajeeve Chelanat said...

ജീവിക്കാന്‍ വേണ്ടിയെങ്കിലും എന്തെങ്കിലും കള്ളം പറഞ്ഞ് സ്വയം നിരന്തരം വിശ്വസിപ്പിച്ചുകൊണ്ടിരിക്കുക. സെറീന അതിഭംഗിയായി പറഞ്ഞതു പോലെ,എത്രപേര്‍ക്ക് ഒരൊറ്റയാത്മകഥ!

അഭിവാദ്യങ്ങളോടെ