Friday, November 20, 2009

ഉള്ളിലൊരുമുറി

ചേര്‍ത്തടയ്ക്കാന്‍ മറന്നുപോയതാണ്‌

ആര്‍ത്തികള്‍ പലവട്ടം
തള്ളിത്തുറന്ന പാളികളില്‍നിന്ന്
കുറ്റിയും കൊളുത്തുമെല്ലാം
എന്നേ അടര്‍ന്നുപോയതാണ്‌

ആരുമിനി വരാനില്ലെന്നറിഞ്ഞിട്ടും
ഇറക്കിവെക്കാതെ ചുമക്കുന്ന
മണ്‍കുടത്തിലെ വെള്ളവും
ചില്ലുവിളക്കിലെ വെട്ടവും
പണ്ടേ വറ്റിപ്പോയതാണ്‌

ഇരുളുകൊണ്ടും നാണം മറയാതെ
ചവിട്ടിമെതിക്കപ്പെട്ട വിരി
അങ്ങിങ്ങഴിഞ്ഞ നിലയില്‍
വിയര്‍പ്പുണങ്ങിയ കിടക്ക
അശ്ളീലമായി മയങ്ങിപ്പോയതാണ്‌

തുറന്നുവിട്ടാലും
ഇറങ്ങിപ്പോവാനാവാതെ
കറങ്ങിമടുത്ത കാറ്റ്‌
പങ്കയില്‍ തന്നെ കെട്ടിത്തൂങ്ങി
പലകുറി മരിച്ചുപോയതാണ്‌

എന്നിട്ടും
ചാരാന്‍ മറന്ന വാതില്‍ക്കല്‍
ആരോ വന്നൊന്നെത്തിനോക്കുമ്പോള്‍
ഉള്ളിലൊരു മുറി പിന്നെയും
അതിന്റെ കുഴിമാടത്തില്‍ കിടന്ന്
എന്തിന്റെയൊക്കെയോ
ഉയിര്‍ത്തെഴുന്നേല്‍പ്‌ സ്വപ്നം കാണുകയാണ്‌

കണ്ണുകള്‍
തിരുമ്മിയടക്കാന്‍ മറന്നു പോയതാണ്‌

8 comments:

Deepa Bijo Alexander said...

ഉള്ളിന്റെയുള്ളിലൊരു ലോകം..അതിൽ കുറേ സ്വപ്ങ്ങൾ...കാത്തിരിപ്പുകൾ.....

നല്ല കവിത.

പാമരന്‍ said...

great maashe.

mariam said...
This comment has been removed by the author.
mariam said...

ഇത്‌ മൃതം മൃതം എന്നു സ്പന്ദിക്കുന്നുണ്ട്‌...

നന്ദി.

Vinodkumar Thallasseri said...

നന്നായിരിക്കുന്ന്, വിശാഖ്‌. നിറയെ വിഷയത്തോട്‌ ചേര്‍ ന്നുനില്‍ക്കുന്ന നല്ല ബിംബങ്ങള്‍. അഭിനന്ദനങ്ങള്‍.

ശ്രീജ എന്‍ എസ് said...

മനോഹരമായ ബിംബങ്ങള്‍..വ്യത്യസ്തമായ എഴുത്ത്

Melethil said...

good one!

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

മൃതസ്വപ്നങ്ങള്‍ അങ്ങിനെയാണു. മൃതദേഹത്തിലുംഉയിര്‍ത്തെഴുന്നേറ്റെന്നിരിക്കും. നന്നായിരിക്കുന്നു.