Friday, December 11, 2009

ലോക്കല്‍ കര്‍ഷകനൊരു മിഡ്ഡില്‍ക്ലാസ്സ് ചരമഗീതം

തൊടിയില്‍ വളരാത്തവണ്ണം
രുചികളെ വളര്‍ത്തരുതെന്ന് പറഞ്ഞത്
ആര്‍ക്കുമിതുവരെ ദഹിച്ചിട്ടില്ല

സവാളയും കാബേജും
സ്വര്‍ണവും വെള്ളിയും പോലെ
മുറ്റത്ത് കിളിര്‍ക്കാത്ത ഓഹരികളിറുത്തെടുത്ത്
കമ്പോളത്തിലേക്ക് മടങ്ങിപ്പോയപ്പോള്‍
കുന്തം വിഴുങ്ങി നിന്നവര്‍ക്കു ഞാന്‍
ഒരുമൂട് കപ്പ പിഴുത്
ഒരുപിടി മുളകും
മുറ്റത്തെ പുളിമരം കുലുക്കിയിട്ടതില്‍നിന്ന്
അഞ്ചാറല്ലിയും നല്‍കി

എരിവും പുളിയുമായി
പുഴുങ്ങിതൂവിയ വിശപ്പില്‍
എന്നിട്ടുമിറ്റ് ഉപ്പുണ്ടായിരുന്നില്ല

അതങ്ങനെയൊക്കെയേയാവൂയെന്നോര്‍ത്തപ്പോള്‍
എനിക്കൊട്ടൊരു തുള്ളി
കണ്ണീരും വന്നില്ല

10 comments:

ഉറുമ്പ്‌ /ANT said...

നന്നായി കവിത.
കാലികപ്രസക്തിയുള്ള വിഷയം.

ആദ്യമായാണ് ഈ ബ്ലോഗ് കാണുന്നത്. തുടർന്നും വരും. :)

പാമരന്‍ said...

തൊടിയില്‍ വളരാത്തവണ്ണം
രുചികളെ വളര്‍ത്തരുതെന്ന് പറഞ്ഞത്
ആര്‍ക്കുമിതുവരെ ദഹിച്ചിട്ടില്ല..

ഗുപ്തന്‍ said...

എം കൃഷ്ണന്‍ നായരെയും പിന്നെ ലാറ്റിനമേരിക്കന്‍ ഭ്രമം ബാധിച്ച കഥാമേഖലയേയും ഓര്‍മവന്നു. ;)

ഉപ്പും ആഗോളമാര്‍ക്കറ്റിലായി അല്ലേ.

നല്ല കവിത വിശാഖ്

ഷൈജൻ കാക്കര said...

യാഥാർത്യത്തിന്റെ മുഖത്ത്‌ കാർക്കിച്ച്‌ തുപ്പി, സത്യം പുറത്തെടുത്തതിൽ സന്തോഷം!

സജീവ് കടവനാട് said...

രുചികളെ വളര്‍ത്തിയിട്ടാണു ആ‍വശ്യത്തെ ഉത്പാദിപ്പിക്കുന്നതെന്നും അതെന്തൊക്കെ നമ്മെയാക്കിതീര്‍ക്കുമെന്ന് നമുക്കൊക്കെ എത്ര ധാരണയുണ്ടായാലും അതങ്ങനെയൊക്കെയോ ആവൂ എന്നറിയുന്നതുകൊണ്ടും എനുക്കും വരുന്നില്ല ഒരു നുള്ളു കണ്ണീരും.

ഹാരിസ് said...

അപ്പോള്‍.... കെ എഫ് സി,പെപ്സി,മക്ഡൊണാള്‍ഡ്...?
സോറി സാര്‍..ഇതൊന്നുമില്ലാതെ ജീവിക്കാന്‍ പറ്റില്ല

കണ്ണനുണ്ണി said...

prasakthamaaya vishayam

Deepa Bijo Alexander said...

നന്നായി...നല്ല ആശയം..നല്ല വരികള്‍.

Pramod.KM said...

തൊടിയില്‍ വളരാത്ത രുചികളല്ലേ ഇന്ന് വളര്‍ത്തപ്പെടൂ..

മനോജ് കുറൂര്‍ said...

'തൊടിയില്‍ വളരാത്തവണ്ണം
രുചികളെ വളര്‍ത്തരുതെന്ന് പറഞ്ഞത്
ആര്‍ക്കുമിതുവരെ ദഹിച്ചിട്ടില്ല'

നന്നായി വിശാഖ് :)