Friday, October 15, 2010

വെറുതേ ഒരിത്തിരിദൂരം നടന്നാലോ..?

കറണ്ടിനൊപ്പം
നിലാവും കെട്ടൊരു രാത്രി

ചുറ്റും
നിഴല്‍ പെറ്റുപേക്ഷിച്ച കുഞ്ഞുങ്ങള്‍
പേടിച്ചുണര്‍ന്ന് കരയുന്ന നേരം

ഒച്ചയുടെ തൊട്ടിലിലെങ്ങാനും
കറക്കം നിലയ്ക്കാത്തൊരു പമ്പരമുണ്ടൊ എന്ന്
ഓര്‍മ്മ മലര്‍ന്നുനോക്കുന്ന
മച്ചിലെ കൊളുത്ത്‌

ഒന്നുമില്ല
വെറുതേ ഒരിത്തിരി ദൂരം നടന്നാലോ എന്ന്
വേലിക്കലാരും വന്ന് വിളിച്ചിട്ടുമല്ല

നെഞ്ചില്‍ പന്തം കൊളുത്തി
മിന്നാമിനുങ്ങുകള്‍ തെളിച്ച വഴിയിലൂടെ
ഒത്തിരിദൂരം

ഒറ്റയ്ക്കിരുന്ന് നിശ
പാടിയലിയുന്ന
പൊന്തക്കാടിന്റെ ഗര്‍ഭത്തോളം

ദൂരെയേതോ
തുടലിന്റെ തുമ്പില്‍നിന്ന്
ഓരിയിട്ടഴിഞ്ഞൊരു നായ
പാട്ടിന്റെ ആറാംകാലവും താണ്ടുവോളം

വരമ്പത്തിരുന്നങ്ങുറങ്ങിപ്പോയി

ഉണര്‍ന്നപ്പൊഴുണ്ട്
കാക്കപ്പുറമേറിവരുന്നു പകല്‍
പരിചയഭാവം ചിലച്ച്
നമസ്കാരമുണ്ട്...
എവിടന്നാ കാലത്തേ...

4 comments:

വിശാഖ് ശങ്കര്‍ said...

ഒറ്റയ്ക്കിറങ്ങി നടന്ന രാത്രികളില്‍ ഉടലില്ലാതെ കൂടെവന്നവര്‍ക്കായി...

M.R.Anilan -എം. ആര്‍.അനിലന്‍ said...

ഉണര്‍ന്നപ്പൊഴുണ്ട്
കാക്കപ്പുറമേറിവരുന്നു പകല്‍
പരിചയഭാവം ചിലച്ച്
-അന്നൊക്കെ പകൽവെളിച്ചം വരുന്നതുവരെ നാം ഉറങ്ങാതിരിക്കുമായിരുന്നു...പകൽ വന്നെന്ന് കരുതിയാവണം ഉറങ്ങിപ്പോയത്...ഉണർന്നപ്പോളാണ്‌.....

Anurag said...

കൊള്ളാം നന്നായിട്ടുണ്ട്

ഉമ്മുഫിദ said...

nalla varikal.
iniyum varaam eevazhi..

www.ilanjipookkal.blogspot.com