Thursday, November 18, 2010

ലഹള

കണ്ണില്‍നിന്നൂരിവീണുടഞ്ഞത്‌
ഒരു കാഴ്ചബംഗ്ലാവ്‌ തന്നെയായിരുന്നു

അവിടെ
അഴിക്കുള്ളിലെ അലര്‍ച്ച
കാടുകയറിയ
ഓര്‍മ്മകളുടെ റിയാലിറ്റി ഷോയിലെ
കൊമേര്‍സ്യല്‍ ബ്രേക്കെന്നറിയാത്ത
കടുവയും പുലിയും
എന്തിന്‌ സിംഹങ്ങള്‍ വരെ ഉണ്ടായിരുന്നു
മിമിക്രിയായിത്തീര്‍ന്ന അവരുടെ വന്യതയില്‍
കേട്ടുപഴകിയ കൗശലങ്ങളിലും
കൈയ്യൊതുക്കം പോയ
കുറുക്കന്മാരുണ്ടായിരുന്നു
അവരുടെ
അരവയര്‍ നിറയാത്ത കൗശലങ്ങളില്‍
കഴുത്തില്‍നിന്ന് കണ്ണെടുക്കാത്ത
വാളിനോട്‌ വേദമോതുന്ന
വെട്ടുപോത്തുകളുണ്ടായിരുന്നു
വൈകിയുണരുന്ന ഞായര്‍പ്രഭാതങ്ങള്‍
കേള്‍ക്കാതെപോയെങ്കിലോ എന്ന് പേടിച്ച്‌
തലേന്ന് വൈകിട്ടേ കൊണ്ടുകെട്ടുന്ന
ചോരയിറ്റുന്ന അവരുടെ എഴുന്നള്ളത്തില്‍
ചാരിവച്ച തോട്ടിയെപ്പേടിച്ച്‌
ഏത്‌ തിടമ്പേറ്റാനും മുട്ടുവളയ്ക്കുന്ന
ഗജരാജന്മാരുണ്ടായിരുന്നു
കുത്തിപ്പൊക്കിയ അവരുടെ
തലയെടുപ്പിന്റെ ഓരങ്ങളില്‍
ആകുലതകള്‍ ഇമവെട്ടാതിരിക്കുന്ന
ചുണ്ടെലിക്കുഞ്ഞുങ്ങളുണ്ടായിരുന്നു
അവയുടെ കണ്ണിലെ
ഇടംവലമാടുന്ന ഭയങ്ങളില്‍
വില്ലുപോലെ കുലച്ച മുതുകും
അമ്പുപോലെ കൂര്‍ത്ത രോമങ്ങളുമുള്ള
അതിജീവനത്തിന്റെ രണ്ടുംകല്‍പ്പിച്ചുള്ള
പൂച്ചലഹളകളുണ്ടായിരുന്നു
ഇവനാരാ പുലിയോ എന്ന്
അതുകണ്ടാലേതു നായും
ഒന്നു പകച്ചേയ്ക്കുമെന്നൊരു പ്രത്യാശ
കണ്ടുകൊതിതീരുമ്മുമ്പാണ്‌
കൈതട്ടിവീണ്‌ ഉള്‍ക്കാഴ്ചപൊട്ടിപ്പോയത്‌


ഇനിയിപ്പോ
കാലില്‍കൊള്ളാതെ വാരിക്കളയാമെന്നല്ലാതെ
കണ്ണാടിയിലെന്തു വിപ്ലവമായിരുന്നെന്നൊക്കെ
ആര്‍ക്കറിയാം!

6 comments:

Unknown said...

ലഹള കൊള്ളാം!

M.R.Anilan -എം. ആര്‍.അനിലന്‍ said...

അതിജീവനത്തിന്റെ രണ്ടുംകല്‍പ്പിച്ചുള്ള
പൂച്ചലഹളകൾ നന്നായി

കുസുമം ആര്‍ പുന്നപ്ര said...

ഇനിയിപ്പോ
കാലില്‍കൊള്ളാതെ വാരിക്കളയാമെന്നല്ലാതെ
കണ്ണാടിയിലെന്തു വിപ്ലവമായിരുന്നെന്നൊക്കെ
ആര്‍ക്കറിയാം!

ഒരു സത്യം

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വീണുടയല്‍..

Unknown said...

ഇവന്‍ പുലിയാ ...

വിശാഖ് ശങ്കര്‍ said...

അസഹ്യമായ നിശബ്ദതയെ ഭഞ്ജിച്ച അഞ്ച് ഒച്ചകള്‍ക്കും നന്ദി.കാലൊച്ചയും കേള്‍പ്പിക്കാതെ വന്നുപോയവര്‍ക്കും നന്ദി.വരികയോ മിണ്ടുകയോ ചെയ്യാതെതന്നെ നമ്മളിവിടെയുണ്ടെന്ന് പരസ്പരം പങ്കുവയ്ക്കുന്ന അദൃശ്യ പ്രേരണകള്‍ക്ക് അതിലേറെ നന്ദി.