അടിച്ച് പൂക്കുറ്റിയായൊരുത്തൻ
വെള്ളികെട്ടിയ ആറാംകാലത്തിലേയ്ക്ക്
അന്തസ്സായ് പൊട്ടിമുറിഞ്ഞ്
പാടി പലായനം ചെയ്യുന്നു
കൂത്താടുന്ന കേൾവിക്കാർ
പരിചയമുള്ള കാലങ്ങളിൽ വച്ച്
ആവുംവിധം അവനെ
കണ്ടെടുക്കുന്നു
കെട്ടിപ്പിടിച്ചുമ്മവയ്ക്കുന്നു
വീണ്ടും നിറയ്ക്കുന്നു
കേട്ടുകേട്ടൊരു പട്ടമാവാൻ
പാട്ടുതന്നെയെന്തിനെന്ന്
ഓർമ്മയുടെ ഏതോ ചരടുപൊട്ടി
നിശബ്ദമായ നിമിഷം
ആഘോഷങ്ങൾക്കിടയിലൂടെ
ഉടക്കിയിറങ്ങിയാരോ
വിസ്മൃതിയുടെ വാതിലും വലിച്ചടച്ച്
ഇരുട്ടിൽ നീന്തിമറഞ്ഞു
വീണ്ടും നിറയുന്നുണ്ട്
കോപ്പകൾ തമ്മിലുമ്മവയ്ക്കുന്നുണ്ട്
തുടകളിൽ വിരലുകൾ താളം പിടിക്കുന്നുണ്ട്
ഒരുപക്ഷേ
ഇറങ്ങിപ്പോയതിനി അവനാവുമോ?
മൂത്രവുമൊഴിക്കയും വേണമെന്ന്
ഒരു ശങ്ക ഇറങ്ങിനോക്കിയപ്പോൾ
ആരുമില്ലാത്ത സ്വീകരണമുറിൽ
ഒറ്റയ്ക്ക് ഒഴുകുന്ന പങ്കയ്ക്കുകീഴിൽ
ദൂരദർശിനിയിൽ പൊന്തിയ നിലയില്‍
വാർത്തകളുടെ കുറേ
അനാഥശവങ്ങൾ..
...............
................
.................
മെഹ്ദി ഹസ്സൻ
അന്തരിച്ചു
4 comments:
ഗംഭീരം... വേറെ വാക്കില്ല. ഇന്നലെ രാത്രി മുക്കാല്‍പ്പങ്കും അദ്ദേഹം ഗസലുകളിലൂടെ അപഹരിച്ചു. ഒരു വരി പോലും പുതുതായി തോന്നാത്തതില്‍ ഞാന്‍ ലജ്ജിച്ചു. ഒരു ഉരുള... ഒരു തുള്ളി... ഇങ്ങനെ അര്‍ച്ചിക്കുവാന്‍ വിശാഖിനു കഴിഞ്ഞല്ലോ.
ഹംഗാമാ ഹൈ ക്യോം ബര്പാ ഥോഡീ സീ ജോ പീ ലീ ഹൈ ................... (ഞാന് അല്പം മദിര സേവിച്ചിട്
ടുണ്ടെങ്കില് അതിനെന്താണീ ഒച്ചപ്പാടെല്ലാം.....)
ചുമയും കുരയുമൊക്കെ
പാട്ടിനൊപ്പമിട്ടുകുലുക്കി
ആകാശത്തേയ്ക്കെറിഞ്ഞ്
മത്സരങ്ങള്‍ മണ്ണില്‍ വരച്ച
ഒച്ചക്കളങ്ങളില്‍ വീണുരുണ്ട്
നിലയ്ക്കുന്നിടങ്ങളില്‍
കൂര്‍ക്കംവലികൊണ്ട്
ഉറക്കത്തിന്റെ തെരുവിനെ വെന്നവന്‍
ഈ പാട്ടുവേണമെന്ന് കേണ്
സംശയമില്ലത്ത വിരലുകള്‍
മീട്ടിയ പകിടകള്‍
വീണഴിയുമ്പോള്‍
തോല്‍വിയുടെ സംഗീതം
നിന്റെ ഒസ്യത്താക്കി
പാട്ടിനൊന്നുറങ്ങാന്‍...
അതോ പാട്ടുകാരിനി
ഉറങ്ങാന്‍ പാടില്ലെന്നാണോ?
അതൊ ഞങ്ങളുടെ
ഉറക്കമൊന്നിനെയെയും
വെന്നില്ലെന്നാണോ?
രണ്ടായാലും
ഇനി ഉറക്കം പോയി
മരിച്ചുപോയില്ലെങ്കില്‍
ഒന്ന് മൂളാമോ
അങ്ങനെയങ്ങ് നിറഞ്ഞതല്ലെന്നറിയാമെങ്കിലും പ്യാറ് ഭരേ...
അല്ലെങ്കില്‍ വേണ്ട
ഉറങ്ങട്ടെ വെളിയവും
വെളിമ്പുറങ്ങലില്‍ ഞാനും
മൈനാഗവും
ഉണരുമ്പൊ നാം മറന്നുപോട്ടെ
‘സുബഹ് കീ മാഥേ പര്‍
കളങ്ക് കാലാ ഹെ..”
വളരെ മികച്ച ഒരു അശ്രു പൂജ സഖേ.. പ്രിയ ഗായകന്റെ ഓര്‍മ്മകളിലേക്ക് വീണ്ടും തിരിച്ചു വിളിച്ചതിനു നന്ദി
Post a Comment