Friday, October 12, 2012

എഴുത്താധാരം / ആധാരമെഴുത്ത്= വഴിയാധാരം

വരിക,
വേണമെങ്കിലീ ചുവപ്പ്
മണത്തുനോക്കാം

അരഞ്ഞുപോയതുകൊണ്ട്
പച്ച മാംസത്തെ
രുചിക്കാതെ വിടുക

പിടച്ചിലുകള്‍
മഞ്ഞിച്ച കാഴ്ചയിലെങ്കിലും
കെട്ടിക്കിടപ്പുണ്ടാവുമല്ലൊ

പച്ചച്ച അടയാളം
ഘര്‍ഷണത്തെയെന്ന പോലെ
പച്ചയും ചുവപ്പും മഞ്ഞയുമുള്ള
നിശ്ചല ദ്വീപുകളില്‍നിന്ന്
അവയെയും തുറന്നു വിടുക

നമ്മള്‍ ഒരു യാത്രയിലല്ലെ

വിലാസം നമുക്കിടയിലെ
വിനിമയങ്ങളുടെ
സ്കെച്ചും പ്ലാനും പോലെ
സങ്കീര്‍ണ്ണം

കിണറ്റില്‍ വറ്റിപ്പോകാവുന്ന
പച്ചവെള്ളം

ഇറങ്ങിപ്പോയവര്‍
അതിന്റെ ചരിത്രത്തില്‍ നിന്ന്
കുത്തഴിഞ്ഞ്
ഉണങ്ങിപ്പൊയ്ക്കൊള്ളട്ടെ

നമ്മളിപ്പോള്‍
ഒരു സംഭാഷണത്തിലാണ്

ഉരുളുന്ന ചക്രങ്ങള്‍ക്കു കീഴില്‍
ഉമിനീരുപോലെതിന്റെ
ചലനത്തിന്റെ
ഉറവയുണ്ട്

അതിനും കീഴില്‍
ആയുസ്സിന്റെ
അപാര ( പാ) തകളുണ്ട്

ഭൂമിയുടെ
അനിവാര്യമായ ഉരുളലില്‍
എന്റെ ഭ്രമണങ്ങളെ
നി  നിജപ്പെടുത്തുക
(തിരിച്ചുമാവാം)

ഇറങ്ങുക

(ഉറപ്പുണ്ടെങ്കില്‍
തിരിച്ചു കയറുകയുമാവാം)

കയറാനോ ഇറങ്ങാനോ ആവാത്ത
യാത്രയുടെ ആ
ദുസ്സഹവിനിമയത്തില്‍ കുടുങ്ങിപ്പോയ
രണ്ടു യാ‍ത്രികളെ പക്ഷെ
നമ്മള്‍
എങ്ങനെ സ്വതന്ത്രമാക്കും?

രണ്ടു വരിയുള്ള
ഈ തെരുവിന്റെ കഥകളില്‍നിന്ന്
അതിന്റെ ജനനങ്ങളേയും മരണങ്ങളേയും
എങ്ങനെ
രണ്ടു വണ്ടിയില്‍ കയറ്റിവിടും?

ആധാരങ്ങളില്‍
അനുഭവമില്ലാത്തപോലെ
വഴിയാധാരങ്ങള്‍ക്ക്
വ്യാകരണവുമില്ല

അനുഭവമേയുള്ളു

അനര്‍ത്ഥം
പക്ഷേ അങ്ങനെയല്ല

അതിന്റെ
തെരുവിന്റെ ആധാരവും

അതുകൊണ്ടാണ്
ഇരട്ട വരിയുള്ള അനുശീലനങ്ങളില്‍
നിങ്ങളെക്കൊണ്ട് നിരന്തരം
അത്  ലിപികള്‍
പകര്‍ത്തിയെഴുതിപ്പിക്കുന്നത്


No comments: