Tuesday, May 8, 2007

മാനം നോക്കി..

തീവെട്ടങ്ങളില്‍നിന്ന്
പൊത്തിപ്പിടിച്ചൊരു
കണ്ണാണ്‌
എന്റെ ഉച്ച.

സന്ധ്യമയങ്ങി
മറകളഴിക്കുമ്പോള്‍
മലയിറങ്ങിവരുന്നതുകാണാം
ഇരുള്‍
എന്റെ മുത്തശ്ശി.

കാലും നീട്ടി
കഥകളുടെ കെട്ടഴിച്ച്‌
ഒടുവിലൊരു താരാട്ടില്‍
വ്യഥകളുടെ വിരലൂട്ടാതെ
എന്നെ ഉറക്കുന്നവള്‍.

എനിക്ക്‌
അമ്മയെക്കാളിഷ്ടം
അമ്മുമ്മയോടാണ്‌.
എന്തെന്നാല്‍
ശങ്കയറ്റുറങ്ങാനൊരു
സ്വാസ്ഥ്യത്തിന്റെ തടുക്കാവാന്‍
‍അമ്മയല്ല
അവരുടെ മടിതന്നെ വേണം.

ഈ ഉച്ചയെന്‍
ഉയിരെടുക്കുന്നു കൂട്ടരേ
ഒന്നു മയങ്ങണം
മലയിറങ്ങി
ഇരുള്‍ വരുന്നുണ്ടോ ?

6 comments:

വിശാഖ് ശങ്കര്‍ said...

തലചായ്ക്കനൊരു മടി..,അതു തേടേണ്ട സമയമാകുന്നു.

Pramod.KM said...

"തീവെട്ടങ്ങളില്‍നിന്ന്
പൊത്തിപ്പിടിച്ചൊരു
കണ്ണാണ്‌
എന്റെ ഉച്ച."
വിശാഖ് മാഷേ..തകറ്പ്പന്‍ ഉപമ.

വല്യമ്മായി said...

തല ചായ്ക്കാനൊരു മടി,ഒളിക്കാനൊരിടം തേടുന്ന (ഭൂതാവിഷ്ടന്റെ കവിത) ജീവിത ചൂട് താങ്ങാനാകാതെ സന്ധ്യയാകാന്‍ കാത്തിരിക്കുന്ന യുവത്വം.

നല്ല കവിത.

വിഷ്ണു പ്രസാദ് said...

തീവെട്ടങ്ങളില്‍നിന്ന്
പൊത്തിപ്പിടിച്ചൊരു
കണ്ണാണ്‌
എന്റെ ഉച്ച...

...മലയിറങ്ങിവരുന്ന ഇരുള്‍മുത്തി...

നല്ല ബിംബങ്ങള്‍...

മാനം നോക്കിയെ പലതരത്തില്‍ വായിക്കാനാവുന്നുണ്ട്...

കെ.പി said...

ഇരുള്‍ മലയിറങ്ങി വരുമ്പോള്‍ “ഈ വഴി ഇവിടെ അവസാനിക്കുന്നു എന്ന് കാണാതിരിക്കട്ടെ.
(കടപ്പാട്: ബാധ)

ഉച്ചച്ചൂട് സഹിക്കാവുന്നതിലും അപ്പുറം..കവിത നന്നായി.

കെ.പി.

വിശാഖ് ശങ്കര്‍ said...

പ്രമോദേ,
ഉപമയേ നന്നായുള്ളൂ എന്നാണോ..

വല്യമ്മാ‍യി,
മാ‍നം നോക്കി നടന്നതിനു നന്ദി.

വിഷ്ണു..,
ഈ ഇരുള്‍മുത്തിയെ നിങ്ങളേ കണ്ടെടുക്കൂ എന്ന് എനിക്കറിയാമായിരുന്നു.

കെ.പി,
ഈ സഹയാത്ര ഏറെ സന്തോഷം തരുന്നു.