Wednesday, August 27, 2008

ആശാലത

മുല്ലയ്ക്ക്‌ വെള്ളമൊഴിക്കാനെന്ന വ്യാജേനെ
മുറ്റത്ത്‌ നില്‍ക്കും
എന്നും മൂന്നര മണിനോക്കി
തെക്കേ വളവുകഴിഞ്ഞ്‌
എപ്പൊഴും ഉദിക്കാവുന്ന
ഒരു നക്ഷത്രത്തെയും കാത്ത്‌.

പൊലിഞ്ഞു പോയവരെപ്പോലെ
മാനത്തു കാണാവുന്ന
ഒന്നായിരുന്നില്ല അത്‌.

വളവുതിരിഞ്ഞ്‌
മണവും,
ചിലപ്പോള്‍ ‍ചില ചിലപ്പുകളുമായ്‌
എന്നും എത്തുമായിരുന്നത്‌.

താലത്തിലോ , വിളക്കിലോ
നെല്ലിലോ, പൂക്കുലയിലൊ
കണ്ടെടുക്കനാവാത്തൊരു താലപ്പൊലി
നെഞ്ചിലങ്ങനെ കത്തിനില്‍ക്കുന്നത്‌
പൊള്ളലറിയിക്കുമായിരുന്നു.

വെറുതെ വീശിയൊരു കാറ്റില്‍
ഒരിക്കലൊന്ന്
കണ്ണടഞ്ഞുപോയതാണ്‌.

വീണ്ടെടുക്കാനാവാതെപോയ
ഒരു വിലാപത്തിന്റെ വെയിലേറ്റ്‌
വാടിപ്പോയ്‌
മുറ്റത്തേയ്ക്ക്‌ പറിച്ചുനടാനായി
വേലിയില്‍ കണ്ടുവച്ച ആശാലത...

അതില്‍ പിന്നെ
‍സ്വപ്നങ്ങള്‍ക്ക്‌ ഞാന്‍
വേലികെട്ടിയിട്ടില്ല.

13 comments:

പാമരന്‍ said...

ആശാലത കലക്കി. മധുരമുള്ളൊരു വേദന.

Rare Rose said...

അധികം പറയാതെ നന്നായി എഴുതിയിരിക്കുന്നു.....

Mahi said...

കണ്ണു നട്ടു കാത്തിരുന്നിട്ടും എന്റെ കല്‍ക്കണ്ട കിനാവു തോട്ടം കട്ടെടുത്തതാരാണ്‌........
വളരെ നല്ലൊരു കവിത.ലാപുടയുടെ ഭാഷയില്‍ പറഞ്ഞാല്‍ പുറമേയ്ക്ക് പകരാതെത്രയൊ നനവുകാലങ്ങള്‍ ഇത്‌ ഉള്ളിലുണര്‍ത്തുന്നു

mayilppeeli said...

വളരെ നന്നായിട്ടുണ്ട്‌...കുറച്ചുവരികള്‍കൊണ്ടു കൂടുതല്‍ പറഞ്ഞിരിയ്ക്കുന്നു..

നജൂസ്‌ said...

ആശാലത, ആമിന, അല്‍ഫോണ്‍സ....
പേരുകള്‍ മാറുമായിരിക്കും.
ഞാനുമെന്തൊക്കെയൊ ഓര്‍ത്തു

നജൂസ്‌ said...
This comment has been removed by the author.
വിശാഖ് ശങ്കര്‍ said...

നന്ദി...,
പാമരന്‍, റേര്‍ റോസ്,മഹി, മയില്പീലി, നജൂ‍സ് തുടങ്ങി വായിക്കുകയും കുറിപ്പിടുകയും ചെയ്ത എല്ലാ‍വര്‍ക്കും...

ടി.പി.വിനോദ് said...

കവിത ഇഷ്ടമായി.
ഏറ്റുപറച്ചിലിന്റെ ഭാഷ ഈ കവിതയെ സൃഷ്ടിച്ച വേദനയിലേക്ക് സത്യസന്ധമായ ഒരു വഴികാട്ടലാകുന്നു.

aneeshans said...

നാലു മണിപ്പൂവ്. അധികം ആയുസ്സുണ്ടാവാറില്ല.

വിശാഖ് ശങ്കര്‍ said...

ലാപുടാ,
“ഏറ്റുപറച്ചിലിന്റെ ഭാഷ ഈ കവിതയെ സൃഷ്ടിച്ച വേദനയിലേക്ക് സത്യസന്ധമായ ഒരു വഴികാട്ടലാകുന്നു.“
നീ ആ പറഞ്ഞത് മാത്രം മതി ...., ഒരുപാട് നന്ദി.
നൊമാദ്,
സത്യം.അധികം ആയുസ്സുണ്ടാവരുത് ഇതിനൊന്നും.അനശ്വരത എന്ന ബാധ്യത എങ്കിലും ഇല്ലാതെ കഴിക്കാമല്ലോ...

PIN said...

നല്ല വരികൾ...ആശംസകൽ...

വേലികൾ ഇല്ലാത്തതിനാൽ, സ്വപ്നങ്ങൾ അതിർവിട്ടും പൊയ്ക്കൊള്ളും. വീണ്ടും ആശാലതകളെ അവ കൂട്ടി കൊണ്ടുവരും എന്നു പ്രതീക്ഷിക്കാം...

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

Super!!

വിശാഖ് ശങ്കര്‍ said...

പിന്‍, ജിതേന്ദ്ര.. നന്ദി.