Tuesday, September 23, 2008

സംസ്കരണം

ചത്താല്‍
‍കിടന്ന് നാറുമ്മുമ്പ്‌
കുഴിച്ചിടുന്നവന്‌ കൂലിയായി
നാലു കാശ്‌
സ്വരുക്കൂട്ടി വച്ചതും
കട്ടോണ്ട്‌ പോയിരിക്കുന്നേതോ
ഒരുമ്പെട്ട കാലന്മാര്‍..!

അങ്ങനെയാണ്‌ പിന്നെ
പകരത്തിനഞ്ചാറ്
കഴുകന്മാരെപ്പോയി
കെണിവച്ച്‌ പിടിച്ച്‌
കൊണ്ടുവന്നത്‌.

ഒടുക്കം
അതുവരെ കാത്താല്‍
അവന്മാരുടെ ശവവും
ഞാന്‍ തന്നെ തിന്നേണ്ടിവരുമോന്ന്
വര്‍ണ്ണ്യത്തിലൊരാശങ്ക
ആളിപ്പിടിച്ചാണ്‌
ഇരുട്ടും വരെ കാക്കാതെ
ഇപ്പൊഴെ അങ്ങ്‌
മലര്‍ന്ന് കിടന്നുകൊടുത്തത്‌.

ഒരറ്റം തൊട്ടങ്ങനെ
അടിച്ചുവാരി വരട്ടേന്ന്....

അഴുക്കുണ്ടേ
പത്തുനാപ്പത്‌ കൊല്ലത്തോളം...

വെളുക്കും മുമ്പ്‌ തീര്‍ക്കണേ
എന്റെ വിശപ്പിന്റെ കഴുകന്മാരേ എന്ന്
ഉമ്മറത്തിരുന്നാരോ
ഉറക്കം തൂങ്ങിയത്‌ മാത്രം
എപ്പൊ കെട്ടുവെന്ന്
എന്നോട്‌ ചോദിക്കരുത്‌.

9 comments:

വികടശിരോമണി said...

എപ്പൊ ‘കെട്ടു’വെന്നോ
എപ്പൊ ‘കേട്ടു‘വെന്നോ?
സംഭവം കൊള്ളാം.വിശപ്പിന്റെ കഥകൾ എന്ന നല്ലൊരു പുസ്തകം ഓർമ്മയിൽ...
ആശംസകൾ.

P.C.MADHURAJ said...

സ്വരുക്കൂട്ടുക എന്നൊരു വാക്ക് മലയാളത്തിലില്ല.

വികടശിരോമണി said...

ഏതൊക്കെ വാക്കുകൾ മലയാളത്തിലുണ്ട് സാർ?പറഞ്ഞുതന്നാൽ വലിയ ഉപകാരമായിരുന്നു.സ്വരുക്കൂട്ടുക എന്നു ഞങ്ങളുടെ നാട്ടിലൊക്കെ കേട്ടിട്ടുണ്ട്.കേരളത്തിലെ സംസാരഭാഷയും മലയാളമാണെന്ന് പണ്ട് സാറിനെപ്പോലുള്ള മലയാള പണ്ഡിതർ ക്ലാസെടുത്തിട്ടുണ്ട്.അപ്പൊ ഞങ്ങളു പറയുന്നതു മലയാളമല്ലല്ലേ സാർ?ഞങ്ങൾക്കൊന്നു മലയാളം പഠിപ്പിച്ചു തരുമോ മധുരാജ് സാർ?

വിശാഖ് ശങ്കര്‍ said...

വികടശിരോമണി,
‘കെട്ടു‘ എന്ന് തന്നെ.ഒരു നല്ല പുസ്തകം ഓര്‍മ്മിപ്പിക്കാനായെങ്കില്‍ അതു തന്നെ വലിയ സന്തോഷം.

പി.സി.മധുരാജ്,

വരമൊഴിക്ക് മുന്‍പേ നടന്നത് വാമൊഴി തന്നെയല്ലേ...

അപ്പൊള്‍ പിന്നെ സംസാരഭാഷയില്‍ നിലനില്‍ക്കുന്ന ഒരു വാക്ക് ആ ഭാഷയിലേ ഇല്ലെന്ന് പറഞ്ഞാല്‍...

ഇപ്പോള്‍ ഇല്ലായിരിക്കാം;
നാ‍ളെ ഉണ്ടായിക്കൊള്ളും.

നന്ദി.

നസീര്‍ കടിക്കാട്‌ said...

കവിത ഭാഷ കൊണ്ടെഴുതുന്നതല്ല
ഭാഷയിൽ തെളിയുന്നതല്ലൊ

! said...

തീവ്രം.

വെളുക്കും മുമ്പ്‌ തീര്‍ക്കണേ
എന്റെ വിശപ്പിന്റെ കഴുകന്മാരേ എന്ന്
ഉമ്മറത്തിരുന്നാരോ
ഉറക്കം തൂങ്ങിയത്‌ മാത്രം
എപ്പൊ കെട്ടുവെന്ന്
എന്നോട്‌ ചോദിക്കരുത്‌.

ഈ വരികള്‍ വരക്കുന്നത് ഒരു രാഷ്ട്രീയ ചിത്രം കൂടിയാണല്ലോ...

മധുരാജ് സാറേ, അങ്ങിനെ തറപ്പിച്ചു പറയാമോ മലയാളത്തില്‍ ഇന്ന് ഏതൊക്കെ വാക്കുകള്‍ ഉണ്ട്, നാളെ ഏതൊക്കെ ഉണ്ടാകും എന്നൊക്കെ. ഈ മലയാളമെന്നുവെച്ചാല്‍ എന്തുവാ, പലചരക്കുകടേലെ വിലനിലവാരപട്ടികയോ?

! said...

പിന്നെ മധുരാജ് സാറേ, സ്വരുക്കൂട്ടിവെക്കുക, സ്വരുക്കൂടുക എന്നൊക്കെ എന്റെ നാട്ടില്‍ യഥേഷ്ടം ഉപയോഗിക്കാറുണ്ട്. ഇനീപ്പൊ ഞാന്‍ മലയാളി അല്ലാണ്ടായോ എന്തോ?

കുറ്റ്യാടിക്കാരന്‍|Suhair said...

very good.

വിശാഖ് ശങ്കര്‍ said...

നസീറേ,
ഉവ്വെന്നണ് തോന്നുന്നത്,
ഉവ്വോ...?

ഒറ്റമുലച്ചി,
ഒറ്റ തിരിയുന്ന എല്ലാം
ഭാഷയ്ക്ക് പുറത്താണെന്ന്
ഒറ്റപറയുന്നതല്ലല്ലോ
ഈ രാവില്‍
ഇറ്റുവീണ മഴയെന്ന്
വര്‍ഷകാലം...:)

കുറ്റിയാടിക്കാരാ,
നന്ദി.