Saturday, December 6, 2008

അപ്പൊഴേയ്ക്കും

അപ്പോഴേയ്ക്കും
ഉടല്‍ ഇടവപ്പാതിയിലെന്നപോലെ
നനഞ്ഞൊട്ടികഴിഞ്ഞിരുന്നു.

മുടിയിഴകളില്‍നിന്നും
പണ്ടമ്മ നെഞ്ചോട്‌ ചേര്‍ത്ത്‌
തുവര്‍ത്തിതിരുമ്മിത്തന്ന രാസ്നാദിവരെ
സ്രവിക്കാന്‍ ‍തുടങ്ങിയിരുന്നു.

മണല്‍ക്കാടുകള്‍ക്കുമേല്‍
‍തിമിര്‍ക്കുകയായിരുന്നു
മെയ്മാസമദ്ധ്യാഹ്നം.

വഴികളൊക്കെ
ഉരഗങ്ങളെപ്പോലെ
മാളങ്ങളിലേയ്ക്ക്‌
ഇഴഞ്ഞുകയറിക്കഴിഞ്ഞിരുന്നു.

തെല്ലുതോര്‍ന്ന വെയില്‍
‍മണ്ണിലങ്ങിങ്ങായ്‌
തളംകെട്ടിക്കിടപ്പുണ്ടായിരുന്നു.

ആഴമുള്ളൊരു മരീചികയില്‍നിന്ന്
ശേഷിച്ചൊരു
മാനത്തുകണ്ണിയേയും കൊത്തി
പകല്‍ പറക്കാന്‍ തുടങ്ങുകയായിരുന്നു.

വേച്ചുവേച്ച്‌ ചെന്നുവീണ
കള്ളിമുള്‍പടര്‍പ്പുകളില്‍നിന്ന്
പഞ്ഞിക്കെട്ടുപോലെ മൃദുലമായ
കാച്ചെണയും, രാസ്നാദിയും മണക്കുന്ന
ഒരു വേര്‌
അതിന്റെ വിത്തിനെ
മാറോട്ചേര്‍ക്കുകയായിരുന്നു.

അപ്പൊഴേയ്ക്കും
എല്ലാ മണ്ണും
അവനമ്മയായ്ക്കഴിഞ്ഞിരുന്നു.

12 comments:

പാമരന്‍ said...

വണ്ടര്‍ഫുള്‍ മാഷെ! ഭൂമിശാസ്ത്രത്തിനു ശേഷം കാത്തുകാത്തിരുന്നത്‌ ഇതിനാണ്‌.. കവിത! പറയാന്‍ വാക്കുകളില്ല! യു റോക്ക്!

വികടശിരോമണി said...

ഞാൻ വായിച്ചതിൽ വെച്ച് താങ്കളുടെ ഏറ്റവും ‘വിത’യുള്ള കവിത.
മറ്റൊന്നും പറയാനില്ല.

vimathan said...

വിശാഖ്, അഭിനന്ദനങള്‍, അടുത്ത കാലത്ത് വായിച്ച താങ്കളുടെ കവിതകളില്‍ ഏറ്റവും ഇഷ്ടമായത് ഇതാണ്. നന്ദി.

വെള്ളെഴുത്ത് said...

കുറേ നാളുകള്‍ക്കു ശേഷം ഇമേജുകള്‍ സ്വാഭാവികമായി പെയ്യുന്നതു കണ്ടു. മഴയും വെയിലും ഒന്നായി തീരുന്നതു കണ്ടു. വാസവും പ്രവാസവും മണ്ണിനടിയിലൂടെ കൈ കൊരുക്കുന്നതു കണ്ടു.

lost world said...

ഒറ്റവായനയില്‍ തന്നെ തിരിച്ചറിയാം,നല്ല കവിത.വിശാഖ് എഴുതിയ കവിതകളില്‍ ഇത്ര ആകര്‍ഷകവും വായനക്കാരനെ ആര്‍ദ്രമാക്കുന്നതുമായ കവിത വേറൊന്നില്ല.എങ്കിലും

മണല്‍ക്കാടുകള്‍ക്കുമേല്‍
‍തിമിര്‍ക്കുകയായിരുന്നു
മെയ്മാസമദ്ധ്യാഹ്നം.

വഴികളൊക്കെ
ഉരഗങ്ങളെപ്പോലെ
മാളങ്ങളിലേയ്ക്ക്‌
ഇഴഞ്ഞുകയറിക്കഴിഞ്ഞിരുന്നു
തെല്ലുതോര്‍ന്ന വെയില്‍
‍മണ്ണിലങ്ങിങ്ങായ്‌
തളംകെട്ടിക്കിടപ്പുണ്ടായിരുന്നു.

ആഴമുള്ളൊരു മരീചികയില്‍നിന്ന്
ശേഷിച്ചൊരു
മാനത്തുകണ്ണിയേയും കൊത്തി
പകല്‍ പറക്കാന്‍ തുടങ്ങുകയായിരുന്നു

തുടങ്ങിയ ഖണ്ഡങ്ങളിലെ സമയത്തിന്റെ ചാടിപ്പോക്ക് ഒഴിവാക്കാമായിരുന്നു.ഇമേജുകളുടെ മനോഹാരിത എടുത്തുപറയാതിരിക്കാനുമാവില്ല.ആഴമുള്ള മരീചികയില്‍ നിന്ന് മാനത്തുകണ്ണിയെ കൊത്തി പറക്കുന്ന പകല്‍...വാഹ് വാഹ്.
വിശാഖേ,ഇതെഴുതുമ്പോള്‍ നീ ഏത് ബ്രാന്‍ഡിലായിരുന്നു... :)

മാണിക്യം said...

അപ്പൊഴേയ്ക്കും
എല്ലാ മണ്ണും
അവനമ്മയായ്ക്കഴിഞ്ഞിരുന്നു....

നല്ല ചിന്താ.. ആശംസകള്‍

Mahi said...

എല്ല മണ്ണും അമ്മയാവുന്ന കവിത

വിശാഖ് ശങ്കര്‍ said...

പാമരാ,വികടാ,വിമതാ,കവിത ഇഷ്ടമായെന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം.

വെള്ളെഴുത്തേ, കണ്ടെടുത്തതിനൊക്കെ നന്ദി.

വിഷ്ണു,
പല ബ്രാന്റുകള്‍ ചേര്‍ന്ന ഒരു ഭ്രാന്തിലായിരുന്നിരിക്കാം...:)

മാണിക്ക്യം, മഹി.., സന്തോഷം.

Jayasree Lakshmy Kumar said...

വേച്ചുവേച്ച്‌ ചെന്നുവീണ
കള്ളിമുള്‍പടര്‍പ്പുകളില്‍നിന്ന്
പഞ്ഞിക്കെട്ടുപോലെ മൃദുലമായ
കാച്ചെണയും, രാസ്നാദിയും മണക്കുന്ന
ഒരു വേര്‌
അതിന്റെ വിത്തിനെ
മാറോട്ചേര്‍ക്കുകയായിരുന്നു.

മനസ്സിനെ ആര്‍ദ്രമാക്കുന്ന വരികള്‍.
മനോഹരമായ കവിത. ഒരുപാടിഷ്ടമായി

ടി.പി.വിനോദ് said...

സുന്ദരം..

വിശാഖ് ശങ്കര്‍ said...

ലക്ഷ്മി.., നന്ദി
വിനോദേ.................

തണല്‍ said...

ശേഷിച്ചൊരു
മാനത്തുകണ്ണിയേയും കൊത്തി..
-മാഷേ..