Friday, February 26, 2010

കോട്ടുവാ

ഒച്ചപ്പാടുകളൊക്കെ കഴിഞ്ഞ്
മിച്ചമാവുന്നൊരിത്തിരി മൌനത്തില്‍
കണ്ണടച്ച് നിവര്‍ന്നൊന്നുറങ്ങാനും
ഇനിയുമൊത്തിരി കാത്തിരുന്നേ പറ്റൂ

ചടങ്ങുകളൊക്കെ കഴിയുവോളം
ചാവടിയിലിരുന്ന് ഉറക്കിളച്ച ഓര്‍മകളെ
പഷ്ണിക്കഞ്ഞി കുടിപ്പിച്ച് പടിയിറക്കുവോളമെങ്കിലും
ഇവിടൊക്കെയിങ്ങനെ കത്തിനിന്നേ പറ്റൂ

എന്നുവച്ച്
കഴിഞ്ഞു കഴിഞ്ഞൂന്ന് കേള്‍ക്കുന്നതല്ലാതീ
കഴിയലൊന്നങ്ങോട്ട് കഴിയുന്നില്ലല്ലോന്ന്
ചിതതന്നെയിങ്ങനെ കോട്ടുവായിടുന്നത്
ഒരു ചാക്കാലവീടിന് ചേര്‍ന്നതാണോ!

4 comments:

Deepa Bijo Alexander said...

കവിത നന്നായി..
. നല്ല കവിതയ്ക്കായുള്ള പ്രതീക്ഷയോടെയാണ്‌ വിശാഖിന്റെ കവിത വായിക്കുക..എപ്പോഴും...

നിരാശപ്പെടുത്തിയില്ല.

പാമരന്‍ said...

അവസാനത്തെ നാലുവരി മതി!

തണല്‍ said...

അതെ!ആ അവസാന നാലുവരി!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കഴിയലൊന്നങ്ങോട്ട് കഴിയുന്നില്ലല്ലോന്ന്...

ഒന്നാന്തരം കോട്ടുവാ.