ഞാൻ ജനിച്ച ദിവസത്തെക്കുറിച്ച്
ആരുടെ വിവരണവും
എനിക്ക് വിശ്വാസ്യമല്ല
അതവരുടെ
കൌതുകം
കോരിച്ചൊരിയുന്ന മഴയത്തെന്നപോലെ
ഇമ്പം ജനിക്കില്ലേ
മാംസമുരുകുന്ന മീനച്ചൂടിലെന്ന് പറഞ്ഞാലും
എന്റെ ബാല്യത്തെക്കുറിച്ച്
ആരുടെ സാക്ഷ്യത്തിലും
എനിക്ക് വിശ്വാസമില്ല
കപ്പത്തണ്ടിൽ ഈർക്കിലിയിറക്കി
കോഴിക്കും പൂച്ചയ്ക്കും
കുത്തിവച്ചു എന്ന പറച്ചിലിൽ നിന്നല്ലേ
ഞാൻ ഡോക്ടറാവേണ്ടിയിരുന്നത്
മണ്ണിൽ കളിച്ചാൽ
ചൊറിപിടിക്കുമെങ്കിൽ
മണ്‍കുടത്തിനെന്തേ
ചൊറിവരാത്തതെന്ന ചോദ്യത്തിൽ നിന്നല്ലേ
നിങ്ങളെന്നിൽ ഒരു
ചൊറിയൻ വക്കീലിനെക്കണ്ടത്
ഡോക്ടറുമായില്ല
വക്കീലുമായില്ല
എങ്കിലും
മുറ്റത്തുണ്ട് തൊട്ടു നനച്ച
കപ്പയും പപ്പായയും
നിങ്ങക്കും വേണം എനിക്കും വേണം
കപ്പയും പപ്പായയും
മണ്‍കലത്തിൽ വച്ച മീൻകറിയും
എങ്കിലും
കര്ഷകനും കുശവനും
മീൻപിടുത്തക്കാരനുമെന്തേ എന്നും
അർദ്ധപ്പട്ടിണി എന്ന ചോദ്യത്തിൽ
വാപ്പാ മുത്തച്ഛാ
വല്യപ്പച്ചായാ
വക്കീലിനെ വിട്ട് നിങ്ങൾ
ചികിത്സ സാധ്യമല്ലാത്തതെന്ന് പറഞ്ഞ്
എന്റെ ആയുസ്സിനെ ആകെ
ഓർമ്മകളിൽനിന്ന്
ഒഴുക്കിക്കളഞ്ഞതെന്തിന്
മഴയിപ്പോഴുമൊണ്ട്
മീനവും
ഓർമ്മകളിൽ പോലും
ചൂടും കുളിരുമില്ലാത്തതെന്ത്
അപ്പൊ
അത് വിട്
അന്ന് പെയ്ത മഴ
മഴയായിരുന്നോ എന്ന് ചർച്ച ചെയ്യ്
പറ
വരുന്നവഴി വർഷവും
ഉണക്കയായിപ്പോയെന്നും
2 comments:
ഹാപ്പി ഡ്രൈ ഡേ
വെരി വെരി ഡ്രൈ
hahaha,shouldn't it be so?
Post a Comment