Sunday, June 9, 2013

Happy dry day

ഞാൻ ജനിച്ച ദിവസത്തെക്കുറിച്ച് 
ആരുടെ വിവരണവും 
എനിക്ക് വിശ്വാസ്യമല്ല 

അതവരുടെ 
കൌതുകം 

കോരിച്ചൊരിയുന്ന മഴയത്തെന്നപോലെ 
ഇമ്പം ജനിക്കില്ലേ 
മാംസമുരുകുന്ന മീനച്ചൂടിലെന്ന് പറഞ്ഞാലും 

എന്റെ ബാല്യത്തെക്കുറിച്ച് 
ആരുടെ സാക്ഷ്യത്തിലും 
എനിക്ക് വിശ്വാസമില്ല 

കപ്പത്തണ്ടിൽ  ഈർക്കിലിയിറക്കി 
കോഴിക്കും പൂച്ചയ്ക്കും 
കുത്തിവച്ചു എന്ന പറച്ചിലിൽ നിന്നല്ലേ 
ഞാൻ ഡോക്ടറാവേണ്ടിയിരുന്നത് 

മണ്ണിൽ കളിച്ചാൽ 
ചൊറിപിടിക്കുമെങ്കിൽ 
മണ്‍കുടത്തിനെന്തേ 
ചൊറിവരാത്തതെന്ന ചോദ്യത്തിൽ നിന്നല്ലേ 
നിങ്ങളെന്നിൽ ഒരു 
ചൊറിയൻ വക്കീലിനെക്കണ്ടത് 

ഡോക്ടറുമായില്ല 
വക്കീലുമായില്ല 
എങ്കിലും 
മുറ്റത്തുണ്ട്   തൊട്ടു നനച്ച 
കപ്പയും പപ്പായയും 

നിങ്ങക്കും  വേണം എനിക്കും വേണം 
കപ്പയും പപ്പായയും 
മണ്‍കലത്തിൽ വച്ച മീൻകറിയും
എങ്കിലും 
കര്ഷകനും കുശവനും 
മീൻപിടുത്തക്കാരനുമെന്തേ എന്നും 
അർദ്ധപ്പട്ടിണി എന്ന ചോദ്യത്തിൽ 


വാപ്പാ മുത്തച്ഛാ 
വല്യപ്പച്ചായാ 
വക്കീലിനെ വിട്ട് നിങ്ങൾ  
ചികിത്സ സാധ്യമല്ലാത്തതെന്ന്  പറഞ്ഞ് 
എന്റെ ആയുസ്സിനെ ആകെ 
ഓർമ്മകളിൽനിന്ന് 
ഒഴുക്കിക്കളഞ്ഞതെന്തിന് 

മഴയിപ്പോഴുമൊണ്ട് 
മീനവും 

ഓർമ്മകളിൽ പോലും 
ചൂടും കുളിരുമില്ലാത്തതെന്ത് 

അപ്പൊ 
അത് വിട് 

അന്ന് പെയ്ത മഴ 
മഴയായിരുന്നോ എന്ന്  ചർച്ച  ചെയ്യ് 

പറ 
വരുന്നവഴി വർഷവും 
ഉണക്കയായിപ്പോയെന്നും 



2 comments:

ajith said...

ഹാപ്പി ഡ്രൈ ഡേ

വെരി വെരി ഡ്രൈ

വിശാഖ് ശങ്കര്‍ said...

hahaha,shouldn't it be so?