Friday, February 2, 2007

വിചിത്രം

ഒരു കവിത
വായിച്ച തീയില്‍
ഒരായിരം കവിതകള്‍
എഴുതാതെരിച്ചു.

അങ്ങനെയത്രെ
എന്റെ മാംസം
വേവുന്ന ഗന്ധത്തില്‍
കവിത നാറിയത്!

എങ്കിലും
പട്ടടയിലെ‍
എരിഞ്ഞുതീരാത്ത കൊള്ളികള്‍ക്ക്
ഈ മരണം
കാവ്യാത്മകം.!

വെന്തു തീര്‍ന്നിട്ടും
ചൊല്ലി തീരാത്ത
ഏതു കവിതയുടെ കനല്‍
ഈ മൃത്യുവിനെ
കാവ്യാത്മകമാക്കിയെന്ന്
സത്യമായും
എനിക്കറിയില്ല..

9 comments:

വിശാഖ് ശങ്കര്‍ said...

അബോധം;അര്‍ധരാത്രി..സത്യമായും എനിക്കറിയില്ല..

വല്യമ്മായി said...

അയ്യോ അതെന്റെ വല്ല ‘ക’വിതയുമായിരുന്നോ

നന്നായിരിക്കുന്നു

G.MANU said...

nannai

പരാജിതന്‍ said...

വിശാഖ്‌,
വായിച്ചു. നല്ല എഴുത്ത്‌.

എങ്കിലും തിരുത്തിയെഴുത്തും എഡിറ്റിംഗുമൊക്കെ സമയമെടുത്ത്‌ ചെയ്തിരുന്നുവോ എന്ന് ചോദിക്കാന്‍ തോന്നുന്നു. അവസാനത്തെ രണ്ടു ഖണ്ഡങ്ങള്‍ തീര്‍ച്ചയായും മാറ്റിയെഴുതാവുന്നതാണെന്ന് എന്റെ ചിന്ത.

അത്‌ പോലെ തന്നെ ടൈറ്റില്‍ ഒട്ടും യോജിക്കുന്നില്ല. അതിന്‌ വ്യാഖ്യാനസ്വഭാവമാണുള്ളത്‌. കവിതയിലെ ഉള്‍ക്കാഴ്ചയെ അത്‌ അലോസരപ്പെടുത്തുന്നു.

വിശാഖ് ശങ്കര്‍ said...

വലിയമ്മായിക്കും മനുവിനും നന്ദി.
ഹരീ,ഇത്തരം ദിശാബോധമുള്ള ഇടപെടലുകളിലൂടെ തന്നെയാണ് കവിതയുടെ സര്‍ഗ്ഗപരമായ വികാസം സാധ്യമാകുന്നത്.കവിത, കവിയും സമൂഹവുമായി നേരിട്ടുള്ള ഒരു വിനിമയമാകുന്നതും ഇവിടെത്തന്നെ.ചില്ലറ എഡിറ്റിങ്ങിനു ശേഷം കവിത വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നു.വായിച്ച് അഭിപ്രായം അറിയിക്കുക.

വേണു venu said...

ഒരു കവിത
വായിച്ച തീയില്‍
ഒരായിരം കവിതകള്‍
എഴുതാതെരിച്ചു.
വിശാഖേ നല്ല വരികള്‍, എഴുതിയ കവിതകള്‍ ഒന്നു കൂടി ആ ആലയില്‍ ഒന്നെരിഞ്ഞു് മൂശിയിറങ്ങാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.അവസാന പാരഗ്രാഫുകള്‍ തീര്‍ച്ചയായും.

വിഷ്ണു പ്രസാദ് said...

വിശാഖ് താങ്കളുടെ കവിതകള്‍ വ്യത്യസ്തത പുലര്‍ത്തുന്നു.ഇത്തവണ അത് കുറച്ചു കൂടി ലളിതവും.

വിശാഖ് ശങ്കര്‍ said...

വേണു,താങ്കളെപ്പോലെ ഞാനും അതിനാഗ്രഹിക്കുന്നു.അതിനായി ശ്രമിക്കുക തന്നെ ചെയ്യാം.
വിഷ്ണു,താങ്കള്‍ ഇതുവരെ എഴുതിയ കമന്റുകള്‍കൊണ്ടുണ്ടായ ഗുണമാണ് എനിക്കു കൈവരിക്കാനായ ഈ ലാളിത്യം. നന്ദി. മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഇനിയും ഒപ്പം നടക്കുക..

ഷാഫി said...

നല്ല കവിത...