Thursday, January 8, 2009

ചാവേറിനോട് ചെയ്യരുതാത്തത്

കണ്ണീരൊരുതുള്ളി പോലും
തൂവിക്കളയില്ലെന്ന്
വിതുമ്പലുകളൊന്നുപോലും
കരഞ്ഞുതീര്‍ക്കില്ലെന്ന്
വാക്കിലും നോക്കിലും
ഒരുടലാകെ ‍ കിടന്ന് തിളച്ചാല്‍
‍നെഞ്ചില്‍ ചെവി ചേര്‍ത്തുപിടിച്ച്‌
ബോംബിന്റെ
മിടിപ്പളന്നുകൊള്ളാന്‍ പറഞ്ഞാല്‍‍
ഞരമ്പില്‍ വിരല്‍ തൊട്ടുവച്ച്‌
മൈനിന്റെ
തുടിപ്പറിഞ്ഞുകൊള്ളാന്‍ പറഞ്ഞാല്‍
‍അതാരുടെയെന്ന്
പിന്നെയും സംശയിക്കരുത്‌

കെട്ടിലും മട്ടിലും
അകത്തും പുറത്തും
അടിമുടിയതെങ്ങനെയൊരായുധമായെന്ന്
ആശ്ചര്യപ്പെട്ടുകളയരുത്

ഒരുവാക്കുപോലും ഉരിയാടാന്‍ നില്‍ക്കരുത്‌

കാല്‍ക്കാശിന് കൊണമില്ലാത്ത
ദാര്‍ശനിക ചര്‍ച്ചകള്‍ക്ക്
അതില്‍ക്കൊണ്ടുപോയ് കുറ്റിയടിക്കരുത്

ചിലവില്ലാതുരുണ്ടുകൂടുന്ന
കാല്‍പ്പനിക കണങ്ങളെ
കവിളില്‍ ഞാത്തിയിട്ട്
തരളിതഹൃദയംകളിക്കരുത്

‍വെറുതേ നിന്ന് തുളുമ്പരുത്

പിന്നെ എന്തുവേണമെന്നാണെങ്കില്‍
‍സഹതാപം പോലെ
സുരക്ഷിതമായൊരകലത്തിരുന്ന്
കത്തിത്തീരുംവരെ
നിര്‍ത്താതെ നെടുവീര്‍പ്പിട്ടുകൊള്ളുക

ഇത്രനാളും
ചെയ്തുകൊണ്ടിരുന്നതുപോലെ...

19 comments:

വിശാഖ് ശങ്കര്‍ said...

മരണംകൊണ്ടെങ്കിലും താന്‍ നിലനിന്നിരുന്നുവെന്ന് സാക്ഷ്യപ്പെടുത്താനായവര്‍ക്കായി...

Jayesh/ജയേഷ് said...

‍സഹതാപം പോലെ
സുരക്ഷിതമായൊരകലത്തിരുന്ന്
കത്തിത്തീരുംവരെ
നിര്‍ത്താതെ നെടുവീര്‍പ്പിട്ടുകൊള്ളുക


എന്തൊരു ജീവിതം !!!

പാമരന്‍ said...

"മരണംകൊണ്ടെങ്കിലും താന്‍ നിലനിന്നിരുന്നുവെന്ന്.."

ishtamaayi maashe...

വികടശിരോമണി said...

ഇങ്ങനെയൊന്നും എഴുതരുത് വിശാഖേ.തലക്കടി കിട്ടിയ പോലെയായി.

വികടശിരോമണി said...

ഇങ്ങനെയൊന്നും എഴുതരുത് വിശാഖേ.തലക്കടി കിട്ടിയ പോലെയായി.

Mahi said...

അതെ അതെ പക്ഷെ വര്‍ത്തമാനകാലത്തെ പകര്‍ത്തുന്നത്‌ കുറച്ചുകൂടി തീവ്രമായിട്ടാവാം

Vinodkumar Thallasseri said...

"സഹതാപം പോലെ
സുരക്ഷിതമായൊരകലത്തിരുന്ന്
കത്തിത്തീരുംവരെ
നിര്‍ത്താതെ നെടുവീര്‍പ്പിട്ടുകൊള്ളുക"

ചാവേറിനോടൊരിക്കലും സഹതാപം അരുത്‌. ചാവേറൊരിക്കലും മരിക്കുന്നില്ല. പഴമ്പാട്ടുകാരന്‍.

വിശാഖ് ശങ്കര്‍ said...

ജയേഷ്,പാമരന്‍,വികടന്‍, എല്ലാവര്‍ക്കും നന്ദി.

മഹി,
ഈ തീവ്രതയെന്ന് പറയുന്നതൊക്കെ വലിയൊരളവുവരെ ആപേക്ഷികമല്ലേ..:)

തലശ്ശേരി,
ചാവേറുകള്‍ മരിക്കുന്നില്ലെന്നതല്ല, അന്തസായ് മരിക്കുന്നു എന്നതാണ് അവരും നമ്മളും തമ്മിലുള്ള അന്തരമെന്ന് തോന്നുന്നു.

Jayasree Lakshmy Kumar said...

കെട്ടിലും മട്ടിലും
അകത്തും പുറത്തും
അടിമുടിയതെങ്ങനെയൊരായുധമായവരുടെ സാക്ഷ്യം..അവർ ചലിച്ചിരുന്നു, ചിന്തിച്ചിരുന്നു..പക്ഷെ ജീവിച്ചിരുന്നോ?!

വിശാഖ് ശങ്കര്‍ said...

“അവർ ചലിച്ചിരുന്നു, ചിന്തിച്ചിരുന്നു..പക്ഷെ ജീവിച്ചിരുന്നോ?!“

ചലിക്കുകയോ, ചിന്തിക്കുകയോ ചെയ്തിട്ടില്ലത്ത ബഹുഭൂരിപക്ഷത്തെ ജീവിച്ചിരുന്നവരായി എണ്ണാമെങ്കില്‍ ഇവരുടെ കാര്യത്തില്‍ ഒരു സംശയം വേണോ ലക്ഷ്മി..:)

Rajeeve Chelanat said...

ആരോടാണ്, എപ്പോഴൊക്കെയാണ്, ഏതൊക്കെ വിധത്തിലാണ് അനുഭാവം തോന്നേണ്ടത് എന്ന ദാര്‍ശനിക സമസ്യയിലെത്താറുണ്ട് ചിലപ്പോള്‍. അത്തരം സമസ്യക്ക് അവസാനത്തെ രണ്ടു വരികള്‍ ഒരു പരിധിവരെ ഉത്തരം തന്നേക്കുമെന്ന് തോന്നുന്നു വിശാഖ്.

അഭിവാദ്യങ്ങളോടെ

Rajeeve Chelanat said...

ലക്ഷ്മിയുടെ സംശയത്തിനുള്ള മറുപടിയും നന്ന്

വിശാഖ് ശങ്കര്‍ said...

രാജീവ്......:)
നന്ദി.

ബഷീർ said...

വാക്കുകള്‍ പരതി ഞാന്‍ പരാജയപ്പെട്ടു.

വിശാഖ് ശങ്കര്‍ said...

നന്ദി ബഷീര്‍...

ശ്രീവല്ലഭന്‍. said...

"പിന്നെ എന്തുവേണമെന്നാണെങ്കില്‍
‍സഹതാപം പോലെ
സുരക്ഷിതമായൊരകലത്തിരുന്ന്
കത്തിത്തീരുംവരെ
നിര്‍ത്താതെ നെടുവീര്‍പ്പിട്ടുകൊള്ളുക"

ഇവിടെ ആദ്യം ആണെന്ന് തോന്നുന്നു. കവിത വളരെ ഇഷ്ടമായി

വിശാഖ് ശങ്കര്‍ said...

ഈ വരവിനും കുറിപ്പിനും നന്ദി ശ്രീവല്ലഭാ...

സെറീന said...

പിന്നെ എന്തുവേണമെന്നാണെങ്കില്‍
‍സഹതാപം പോലെ
സുരക്ഷിതമായൊരകലത്തിരുന്ന്
കത്തിത്തീരുംവരെ
നിര്‍ത്താതെ നെടുവീര്‍പ്പിട്ടുകൊള്ളുക-

ഒരൊറ്റ അമര്‍ത്തിനു പൊട്ടിത്തെറിച്ച്
പോകുന്നു കണ്ണടച്ച് ഉണ്ടാക്കുന്ന
കള്ള സമാധാനങ്ങള്‍!

Faizal Kondotty said...

സുരക്ഷിതമായൊരകലത്തിരുന്ന്
കത്തിത്തീരുംവരെ
നിര്‍ത്താതെ നെടുവീര്‍പ്പിട്ടുകൊള്ളുക

ഇത്രനാളും
ചെയ്തുകൊണ്ടിരുന്നതുപോലെ..

True..